Kerala
തിരുവനന്തപുരം: ബിജെപിയുടെ പുതിയ സംസ്ഥാന കാര്യാലയത്തിന്റെ ഉദ്ഘാടനം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിർവഹിച്ചു. ഇന്നലെ രാവിലെ 11ന് തൈക്കാടുള്ള മാരാർജി ഭവനിലെത്തിയ അമിത് ഷാ അവിടെ പ്രത്യേകം തയാറാക്കിയ പന്തലിലെത്തി ബിജെപി നേതാക്കളെ കണ്ടശേഷം പാർട്ടി പതാക ഉയർത്തി. തുടർന്ന് ഓഫീസിനു മുന്നിൽ കണിക്കൊന്ന തൈ നട്ടു. ഇതിനുശേഷം ഓഫീസ് ഉദ്ഘാടനത്തിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. പിന്നീടു നാടമുറിച്ച് ഓഫീസ് ഉദ്ഘാടനം ചെയ്തു.
ഓഫീസിനുള്ളിൽ ദീനദയാൽ ഉപാധ്യായയുടെയും ശ്യാമപ്രസാദ് മുഖർജിയുടെയും പ്രതിമകൾക്കു മുന്നിൽ അമിത്ഷാ നിലവിളക്കു കൊളുത്തി പുഷ്പാർച്ചന നടത്തിയ ശേഷം ഓഫീസിന്റെ നടുത്തളത്തിൽ സ്ഥാപിച്ചിരുന്ന കെ.ജി. മാരാരുടെ അർധകായ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്തു. തുടർന്ന് സംസ്ഥാന പ്രസിഡന്റിന്റെ ഓഫീസിൽ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വാർഡ് പ്രതിനിധികളുടെ യോഗം ഉദ്ഘാടനം ചെയ്യുന്നതിനായി പുത്തരിക്കണ്ടം മൈതാനത്തേക്കു പോയി.
ഒ. രാജഗോപാൽ, കെ. രാമൻപിള്ള, കെ.വി. ശ്രീധരൻമാസ്റ്റർ, സി.കെ. പദ്മനാഭൻ, പി.കെ. കൃഷ്ണദാസ്, വി. മുരളീധരൻ, കുമ്മനം രാജശേഖരൻ, കെ. സുരേന്ദ്രൻ, കേന്ദ്രമന്ത്രി ജോർജ് കുര്യൻ, ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ, സഹപ്രഭാരി അപരാജിത സാരംഗി, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ, ആർഎസ്എസ് മുതിർന്ന പ്രചാരക് എസ്. സേതുമാധവൻ തുടങ്ങിയവർ ഓഫീസ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
Kerala
തൃശൂർ: തദ്ദേശതെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുന്നൊരുക്കങ്ങൾക്കു രൂപംനൽകാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജൂലൈ 13 നു കേരളത്തിലെത്തും. സംസ്ഥാനത്തെ ഏഴു റവന്യൂ ജില്ലകളിലെ വാർഡ് കമ്മിറ്റി ഭാരവാഹികളുടെ യോഗത്തിൽ ഷാ പങ്കെടുക്കും. ബിജെപി സംസ്ഥാന ഓഫീസിന്റെ ഔദ്യോഗിക ഉദ്ഘാടനവും അമിത് ഷാ നിർവഹിക്കുമെന്നു സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു.
തൃശൂരിൽ നടന്ന സംസ്ഥാന നേതൃയോഗത്തിനുശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസിതകേരളം എന്ന ആശയം താഴെത്തട്ടിൽ എത്തിക്കാൻ പാർട്ടി പരിപാടികൾക്കു രൂപംനൽകിയതായി ജനറൽ സെക്രട്ടറി പറഞ്ഞു. ഓരോ വാർഡിലും വികസനത്തെ സംബന്ധിച്ച രൂപരേഖ തയാറാക്കും. ഓഗസ്റ്റ് ഒന്നുമുതൽ 10 വരെ വാർഡ് സമ്മേളനങ്ങൾ സംഘടിപ്പിക്കും.
15 ന് എല്ലാ വാർഡുകളിലും സ്വാഭിമാനത്രിവർണറാലികൾ നടത്തും.
National
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഇന്ത്യയിൽ ഇംഗ്ലീഷ് സംസാരിക്കുന്നവർ ഭാവിയിൽ ലജ്ജിക്കേണ്ടി വരുമെന്ന പ്രസ്താവന വിവാദമായതിനു ദിവസങ്ങൾക്കു ശേഷം ഇന്ത്യൻ ഭാഷകളെ ജനങ്ങൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ആവർത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
അടിമത്ത മനോഭാവം മാറുന്നതിന് സ്വന്തം ഭാഷയിൽ ഒരാൾ അഭിമാനിക്കേണ്ടത് അനിവാര്യമാണെന്നാണ് അമിത് ഷായുടെ പുതിയ പ്രസ്താവന. രാജ്യത്തെ സംബന്ധിച്ചു ഭാഷയെന്നത് ആശയവിനിമയത്തിനുള്ള മാധ്യമം മാത്രമല്ല; മറിച്ച്, രാജ്യത്തിന്റെ ആത്മാവാണെന്നും അമിത് ഷാ പറഞ്ഞു.
അമിത് ഷായുടെ ഇംഗ്ലീഷ് വിരുദ്ധ പ്രസ്താവനയ്ക്കെതിരേ കഴിഞ്ഞ ദിവസം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം വിമർശനങ്ങൾ ഉന്നയിച്ചതിനു ശേഷമാണ് രാജ്യത്തെ പ്രാദേശിക ഭാഷകളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി അമിത് ഷാ പ്രസ്താവനകൾ നടത്തുന്നത്. നമ്മുടെ സ്വന്തം ഭാഷകളിലൂടെയല്ലാതെ ചരിത്രവും സംസ്കാരവും പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.
ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുന്നതിനുള്ള മാർഗമായി മുൻകാലങ്ങളിൽ ഭാഷ ഉപയോഗിച്ചിരുന്നുവെന്നും അത്തരം ശ്രമങ്ങൾ വിജയിച്ചില്ലെന്നും രാജ്യത്തെ ഒന്നിപ്പിക്കുന്നതിനുള്ള മാധ്യമമായി ഇന്ത്യൻ ഭാഷകൾ മാറാൻ മോദി സർക്കാർ ശ്രമിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. ഹിന്ദി ഒരു ഭാഷയുടെയും ശത്രുവല്ല; സുഹൃത്താണ്. ഒരു വിദേശഭാഷയെയും എതിർക്കാൻ പാടില്ലെന്നും എന്നാൽ നമ്മുടെ ഭാഷകൾ മഹത്വവത്കരിക്കുന്നതിനാണ് നാം പ്രാധാന്യം നൽകേണ്ടതെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.
വിദേശഭാഷകളുടെ സ്വാധീനത്തിൽനിന്ന് ഭരണസംവിധാനത്തെ മോചിപ്പിക്കുന്നതിനു കേന്ദ്രം അടുത്തിടെ പുറത്തിറക്കിയ "ഭാരതീയ ഭാഷാ അനുഭാഗിനെ’ (ഇന്ത്യൻ ഭാഷാ വിഭാഗം) പ്രശംസിച്ചായിരുന്നു ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനകൾ.
പരമാവധി ഭരണനിർവഹണം ഇന്ത്യൻ ഭാഷകളിലാക്കാനും മെഡിക്കൽ, എൻജിനിയറിംഗ് കോഴ്സുകൾ അതാത് സംസ്ഥാനത്തിന്റെ ഭാഷകളിൽ പഠിപ്പിക്കാനും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകുമെന്നും ജെഇഇ, നീറ്റ് തുടങ്ങിയ മത്സരപരീക്ഷകൾ നിലവിൽ നിരവധി പ്രാദേശിക ഭാഷകളിൽകൂടി സംഘടിപ്പിക്കാറുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
ഇംഗ്ലീഷ് ലജ്ജാകരമെങ്കിൽ മന്ത്രിമാരുടെ മക്കൾ എന്തുകൊണ്ട് സംസ്കൃത സ്കൂളിൽ പഠിക്കുന്നില്ലെന്ന് കോണ്ഗ്രസ്
ന്യൂഡൽഹി: ഇന്ത്യയിൽ ഇംഗ്ലീഷ് സംസാരിക്കുന്നവർ ഭാവിയിൽ ലജ്ജിക്കേണ്ടി വരുമെന്ന അമിത് ഷായുടെ പ്രസ്താവനയെ വിമർശിച്ച് കോണ്ഗ്രസ്. ഇംഗ്ലീഷ് ലജ്ജാകരമാണെങ്കിൽ കേന്ദ്രമന്ത്രിമാരുടെ മക്കൾ എന്തുകൊണ്ട് സംസ്കൃത സ്കൂളിൽ പഠിക്കുന്നില്ലെന്നു കോണ്ഗ്രസ് പ്രവർത്തകസമിതി അംഗവും യുവനേതാവുമായ കനയ്യ കുമാർ വിമർശനമുന്നയിച്ചു. പല കേന്ദ്രമന്ത്രിമാരുടെയും മക്കൾ വിദേശ സർവകലാശാലകളായ ഓക്സ്ഫഡിലും കേംബ്രിജിലും പഠിക്കുന്നതെന്നും കനയ്യ ചൂണ്ടിക്കാട്ടി.
ബിജെപി നേതാക്കൾ എന്തുകൊണ്ടാണ് അറിവിനു വിരോധമാകുന്നതെന്നും എ.ബി. വാജ്പേയിക്കു നിരവധി ഭാഷകൾ അറിയാമായിരുന്നുവെന്നും കനയ്യ ചൂണ്ടിക്കാട്ടി.